ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ഡി വൈ എഫ് ഐ; പ്രതിഷേധമുയര്‍ത്തി ബി ജെ പി

Kerala

ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം. പൂജപ്പുരയില്‍ നടന്ന പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര തിരുമല റോഡ് പൊലീസ് അടച്ചിരുന്നു.

ആറു മണി കഴിഞ്ഞ് പ്രദര്‍ശനം ആരംഭിച്ചതോടെ പ്രതിഷേധവുമായി ബി ജെ പി പ്രവര്‍ത്തകര്‍ എത്തി. പൂജപ്പുര ജംഗ്ഷനിലെ പ്രദര്‍ശന വേദിയിലേക്ക് പ്രതിഷേധക്കാര്‍ എത്തുന്നത് തടയാന്‍ 100 മീറ്റര്‍ മുന്‍പു തന്നെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ  പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകയെ ആശുപത്രിയിലേക്ക് മാറ്റി. ബി ജെ പി ജില്ലാ അധ്യക്ഷനും പൂജപ്പുര കൗണ്‍സിലറുമായ വി വി രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എതിര്‍പ്പുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദര്‍ശനം

ദേശീയതലത്തില്‍  തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയ ബിബിസി ഡോക്യുമെന്റി സംസ്ഥാനത്തും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.  ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി.

ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതല്‍ പ്രദര്‍ശനങ്ങളൊരുക്കി. തിരുവനന്തപുരത്ത് ലോ കോളേജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ മുന്‍കയ്യെടുത്ത് നടത്തിയ പ്രദര്‍ശനത്തിനിടെ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദര്‍ശനത്തിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.

Share this story