തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം: മാസ്റ്റർ പ്ലാൻ സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനോടനുബന്ധിച്ച പുതിയ മാസ്റ്റർ പ്ലാൻ അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികൃതർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. ഡയറക്റ്റർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെയും (എഇആർഎ) അനുമതി മാർച്ചോടെ ലഭിക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.
വിമാനത്താവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ളതാണ് മാസ്റ്റർ പ്ലാൻ. തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിന് സമീപം ഒരു പഞ്ചനക്ഷത്ര ഹോട്ടലും, പുതിയ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറും മാസ്റ്റർ പ്ലാനിൽ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് അധികൃതരുടെ വാദം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും അന്നത്തെ സാഹചര്യത്തിനനുസരിച്ച് വിമാനത്താവള മാസ്റ്റർപ്ലാനിൽ പരിഷ്കാരങ്ങളുണ്ടാകും. 2024 മുതൽ മണിക്കൂറിൽ 24 വിമാനങ്ങളുടെ പ്രഖ്യാപിത ശേഷി കൈവരിക്കാൻ സാധിക്കും. ആദ്യഘട്ട വികസനം 2029 വരെയാണ്. ഇതിൽ 2024 മുതൽ അന്താരാഷ്ട്ര ടെർമിനൽ വിപുലീകരണം നടത്തും. 2027ൽ പുതിയ ആഭ്യന്തര ടെർമിനലും യാഥാർഥ്യമാക്കാൻ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പുതിയ എടിസി ടവറും ടെക്നിക്കൽ ബ്ലോക്കും 2025ൽ പൂർത്തിയാകും. നിലവിലുള്ള എടിസി 2025ഓടെ ഡീകമ്മിഷൻ ചെയ്യും. 10,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഒരു പുതിയ അന്താരാഷ്ട്ര കാർഗോ ടെർമിനൽ 2024ൽ ആദ്യഘട്ടമായി തുറക്കും. 2027ൽ 6,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ നിർമ്മിക്കും.
2026ൽ ആഭ്യന്തര ടെർമിനലിന് സമീപം ഫ്ലൈറ്റ് കാറ്ററിങ് സൗകര്യം. 2025ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്ധന ഫാമിന്റെ വിപുലീകരണം നടത്തും. നിലവിലുള്ള കെട്ടിടങ്ങളുടെ ഇന്റീരിയർ നവീകരണം, അധിക റീട്ടെയ്ൽ ഷോപ്പുകൾ, ഭക്ഷണ പാനീയ മേഖലകൾ, കൂടുതൽ വിശ്രമമുറികൾ എന്നിവ ഇവിടെ കൊണ്ടുവരും. ബിസിനസ് ജെറ്റ് ടെർമിനൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകൾ സംയോജിപ്പിച്ചു കൊണ്ട് കൂടുതൽ വികസനമാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ നൽകാനുള്ള 18 ഏക്കർ കൂടി ഏറ്റെടുപ്പ് പൂർത്തിയായാൽ കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നാണ് മാസ്റ്റർപ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.