തിരുവനന്തപുരം-ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി

തിരുവനന്തപുരം: ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിന് പകരമാണ് ആഴ്ചയിൽ രണ്ട് ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനർ സർവീസ് നടത്തുക.
സീറ്റുകളുടെ എണ്ണം 160ൽ നിന്ന് 254 ആയി വർധിക്കും. ബിസിനസ് ക്ലാസിൽ മാത്രം 22 സീറ്റുണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉണ്ടായിരിക്കുക. മറ്റ് ദിവസങ്ങളിൽ എ 320 സർവീസ് തുടരും.
ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യുഎസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രമാസൗകര്യം ഒരുങ്ങുമെന്നു വിമാനത്താവളം അധികൃതർ അറിയിച്ചു.