ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇപി; സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തും

EP

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനര്‍ ഇ.പി ജയരാജൻ തിരുവനന്തപുരത്തെത്തും. പാർട്ടിയിൽ തനിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഇ.പിയുടെ നീക്കം. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും.

നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് അദ്ദേഹം വിശദീകരിക്കും. മാസങ്ങളായി തന്നെ ഉപദ്രവിക്കുന്ന റിസോർട്ട് മുൻ എംഡി കെപി രമേശ് കുമാറിന്‍റെ വാക്കുകൾ കേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇ.പിയുടെ പ്രധാന വാദം. നാളത്തെ യോഗത്തിലും അദ്ദേഹം ഇക്കാര്യം വിശദീകരിക്കും.

നാട്ടിൽ ആരംഭിക്കുന്ന ആയുർവേദ ആശുപത്രിയെ സഹായിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ഇ.പി.യുടെ നിലപാട്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കും. 

മകൻ 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ജില്ലാ ബാങ്കിൽ നിന്ന് ലഭിച്ച റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും റിസോർട്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. വൈദേകത്തിന്‍റെ നിർമ്മാണ കരാർ, സ്ഥാപനത്തിന്‍റെ എംഡിയായിരുന്ന വ്യവസായി കെ.പി രമേഷ് കുമാറിനാണ് നൽകിയത്. നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഡയറക്ടർ ബോർഡ് ചർച്ച ചെയ്താണ് രമേശ് കുമാറിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇയാൾക്കെതിരെ ബോർഡ് അന്വേഷണവും നടത്തുന്നുണ്ട്. താനാണ് ഈ നീക്കത്തിന് പിന്നിലെന്ന് തെറ്റിദ്ധരിച്ച രമേശ് കുമാർ മാസങ്ങളായി തന്നെ ഉപദ്രവിക്കുകയാണെന്നും ഇ.പി സെക്രട്ടേറിയറ്റിൽ വ്യക്തമാക്കും.  

Share this story