ചതുപ്പിൽ നിലയുറപ്പിച്ച് ആന; മയക്കുവെടി പ്രയോഗിക്കാനാകാതെ വനസേന

സുൽത്താൻബത്തേരി: വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ പരിഭ്രാന്തി പരത്തിയ മോഴയാനയെ മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങ പന്തിയിലാക്കുന്നതിനു വനസേന നടത്തിയ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. മുണ്ടൻകൊല്ലി ചതുപ്പു പ്രദേശത്ത് നിലയുറപ്പിച്ച ആനയെ മയക്കുവെടിവയ്ക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടതോടെ ദൗത്യം താത്കാലികമായി നിർത്തി. തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.
ഉന്നം പിഴയ്ക്കാതെ വെടി പ്രയോഗിച്ചാൽ അര മണിക്കൂറിനകം ആന മയങ്ങും. വൈകാതെ വാഹനത്തിൽ കയറ്റി പന്തിയിലേക്കു മാറ്റണം. ചതുപ്പ് അല്ലാത്തതും വാഹനം എത്തിക്കാൻ കഴിയുന്നതുമായ പ്രദേശത്തു ഒത്തുകിട്ടിയാൽ മാത്രമാണ് മയക്കുവെടി പ്രയോഗിക്കാനാകുക. കൊന്പനും പിടിയും മോഴയ്ക്കു സമീപമുള്ളതും മയക്കുവെടി ഉതിർക്കുന്നതിനു തടസമാണ്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാവിലെ ഏഴോടെയാണ് ദൗത്യസംഘം കാട്ടിലേക്കു പുറപ്പെട്ടത്. വെടിവച്ചു പിടിക്കുന്ന മോഴയെ പാർപ്പിക്കുന്നതിനു മുത്തങ്ങ വൈൽഡ് ലൈഫ് റേഞ്ച് ഓഫീസ് പരിസരത്തു സജ്ജമാക്കിയ പന്തി വനം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു.