പക്ഷികളെ പോലെ പറക്കാം: പാരാഗ്ലൈഡിംഗ് സൗകര്യം കേരളത്തിലുമുണ്ട്

സാഹസിക വിനോദ സഞ്ചാരത്തിന് തയ്യാറാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ട്രക്കിംഗ് എന്ന സാഹസിക മലകയറ്റം യുവാക്കളുടെ ഹരമാണ്. എന്നാല്‍, പക്ഷികളെ പോലെ ആകാശത്തിലൂടെ പറന്നുനടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അത്തരക്കാര്‍ കൗതുകത്തോടെ കാണുന്ന ഒന്നാണ് പാരാഗ്ലൈഡിംഗ്.
വായുവിലൂടെ പറക്കുന്ന ഒരു സാഹസിക വിനോദമാണ് പാരാഗ്ലൈഡിംഗ്. നേരമ്പോക്കായും മത്സരമായും ഇത് സംഘടിപ്പിക്കാറുണ്ട്. കൃത്രിമമായ ചിറകുകളുപയോഗിച്ചാണ് പാരാഗ്ലൈഡിംഗ് നടത്തുക. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഗ്ലൈഡറിനെ പാരാഗ്ലൈഡര്‍ എന്നും, ഈ സംവിധാനത്തിലൂടെ പറക്കല്‍ നടത്തുന്ന വ്യക്തിയെ പൈലറ്റ് (പാരാഗ്ലൈഡര്‍ പൈലറ്റ്) എന്നും വിളിക്കുന്നു. അപകട സാധ്യത കൂടുതലുള്ള ഈ വിനോദത്തിന് വിദഗ്ധ പരിശീലനവും ലൈസന്‍സും ആവശ്യമാണ്.
പൈലറ്റ് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ (റേഡിയോ, ജിപിഎസ്, ഹെല്‍മറ്റ്, പാരഷൂട്ട്) ധരിച്ചാണ് പാരാഗ്ലൈഡിംഗ് നടത്തുക. താഴെ വീണാല്‍ ഉണ്ടാകാവുന്ന അപകടസാധ്യതയും അഥവാ വീണാല്‍ത്തന്നെ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ കാഠിന്യവും ഇതിലൂടെ കുറയുന്നു. ആവേശകരമായ ഈ സാഹസിക വിനോദത്തിന് ഇപ്പോള്‍ ഇന്ത്യയിലും പ്രചാരമേറുകയാണ്. പാരാഗ്ലൈഡിംഗ് അടുത്ത കാലം വരെ ദക്ഷിണേന്ത്യയില്‍ അത്ര പ്രചാരം നേടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ചില ഗംഭീരമായ പാരാഗ്ലൈഡിംഗ് സൈറ്റുകള്‍ ഉണ്ട്.
പറക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ അതിനുള്ള സൗകര്യമുണ്ട്. വാഗമണ്ണിലാണ് അതിമനോഹരമായ പാരാഗ്ലൈഡിംഗ് സൈറ്റ് ഒരുക്കിയിട്ടുള്ളത്. മനോഹരമായ പച്ച പുല്‍മേടുകള്‍, തേയിലത്തോട്ടങ്ങള്‍, ഉയര്‍ന്ന മലനിരകള്‍, താഴ്‌വരകള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കും കാഴ്ചകളാണ് വാഗമണ്ണിലുള്ളത്. ഇവിടുത്തെ പാരാഗ്ലൈഡിംഗ് നല്‍കുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്.
1200 മീറ്റര്‍ ഉയരത്തില്‍ നിന്ന് വാഗമണ്ണില്‍ പാരാഗ്ലൈഡിംഗ് നടത്താം. പരിശീലനം ലഭിച്ച പൈലറ്റുമാര്‍ ഇവിടെയുള്ളതിനാല്‍ വാഗമണ്ണില്‍ ടാന്‍ഡം ഫ്ലൈറ്റുകള്‍ ആസ്വദിക്കാം. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് വാഗമണ്ണിലെ പാരാഗ്ലൈഡിംഗിന് അനുയോജ്യമായ സമയം.