ചാൻസലർ ബില്ലിൽ ഉടൻ തീരുമാനം ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

Governer

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ. ചാൻസലർ ബിൽ ഒഴിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പുവച്ചു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമോപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനാണ് ബിൽ ആവശ്യപ്പെടുന്നത്.

ബില്ലിന്‍റെ വിശദമായ പരിശോധന നടത്താനും രാജ്ഭവൻ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്. തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ ഉടനടി തീരുമാനമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമോപദേശത്തിനു ശേഷം ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ച് കൂടുതൽ തീരുമാനമെടുക്കും. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ ബില്ലിൽ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല.

Share this story