ഗവർണർമാരുടെ സമീപനം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം, കേരളത്തിലും സമാന സ്ഥിതി: കുഞ്ഞാലിക്കുട്ടി
Tue, 10 Jan 2023

പ്രതിപക്ഷ കക്ഷികൾ നേതൃത്വം നൽകുന്ന സർക്കാരുകൾക്കെതിരെ ഗവർണർമാർ ജനാധിപത്യവിരുദ്ധ നിലപാട് എടുക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും തമിഴ്‌നാട്ടിലും സമാന സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ് ഗവർണർമാരുടെ സമീപനം. ഗവർണർമാരുടെ ഈ നിലപാടിന് എതിരെയാണ് ദേശീയതലത്തിൽ ലീഗിന്റെ നിലപാട്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങളാണ് നടന്നത്. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപനത്തിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ സർക്കാർ നിയമസഭയിൽ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിനിടയിലാണ് ഗവർണർ ഇറങ്ങിപ്പോയത്.