ഹർത്താൽ: കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർത്ത് പോപുലർ ഫ്രണ്ട് പ്രവർത്തകർ

bus

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ആഹ്വാന ചെയ്ത ഹർത്താലിനിടെ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. കോഴിക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി

കോഴിക്കോട് സിവിൽ സ്‌റ്റേഷന് സമീപത്ത് വെച്ചുണ്ടായ കല്ലേറിൽ പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞു. ബസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. 

കോഴിക്കോട് കല്ലായിയിൽ ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. പി എസ് സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. ആലുവ-പെരുമ്പാവൂർ റൂട്ടിലോടുന്ന രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.
 

Share this story