റേസിങ് ബൈക്കിടിച്ചു വീട്ടമ്മ മരിച്ച സംഭവം; ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം: കോവളം ബൈപ്പാസിൽ, വാഴമുട്ടത്ത് ഉണ്ടായ അപകടത്തില്‍ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു.
തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു മരണം. ഞായറാഴ്ച രാവിലെ അരവിന്ദ് ഓടിച്ച റേസിങ് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
അതേസമയം, അപകടം നടന്ന റോഡില്‍ ആഡംബര ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.