ഇലന്തൂർ ഇരട്ട നരബലി: ആദ്യ കുറ്റപത്രം തയ്യാറായി, കേസിൽ ഷാഫിയടക്കം 3 പ്രതികൾ

ഇലന്തൂർ ഇരട്ട നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പോലീസ് തയ്യാറാക്കി. മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണ് കേസിലുള്ളത്. 150 സാക്ഷികളുമുണ്ട്. ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് അന്വേഷണ സംഘം മുന്നോട്ടുവെക്കുന്നത്.
തമിഴ്‌നാട് സ്വദേശി പത്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് രണ്ട് പ്രതികളായ ഭഗവൽ സിംഗിനെയും ലൈലയെയും പറഞ്ഞ് വിശ്വസിപ്പിച്ച ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഭഗവൽ സിംഗ് രണ്ടും ലൈല മൂന്നും പ്രതികളാണ്.
പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ വിചാരണക്കായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.