വധശ്രമക്കേസിൽ തടവുശിക്ഷ: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ലോക്‌സഭ ജനറൽ സെക്രട്ടറിയാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു
വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസലടക്കമുള്ള നാല് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി വെച്ചിരിക്കുകയാണ്. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചിരുന്നു.
2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ പത്ത് വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. മുഹമ്മദ് ഫൈസൽ, സഹോദരൻമാരായ അമീർ, ഹുസൈൻ തുടങ്ങിയവരാണ് പ്രതികൾ