കലോത്സവത്തിൽ അവതരിപ്പിച്ച സംഗീത ശിൽപ്പം മുസ്ലിം വിരുദ്ധതയുടെ നേർചിത്രമെന്ന് കെപിഎ മജീദ്

majeed

സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച സംഗീത ശിൽപം ഇസ്ലാമോഫോബിയ വളർത്തുന്നതാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃശ്ചികമല്ലെന്നും മജീദ് ആരോപിച്ചു.

കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സംഗീത ശിൽപത്തിൽ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണ്. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും. 
മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടത്. 
ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല. 
സർക്കാരിനും സംഘാടകർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ല. 
ബന്ധപ്പെട്ടവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം

Share this story