തലസ്ഥാനത്ത് സിഗ്നലിനായി കാത്തുനിന്ന ബൈക്കുകളുടെ പിറകിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം.

Accidant

തിരുവനന്തപുരം: തിരുവനന്തപുരം കിളിപ്പാലത്ത് സിഗ്നലിനായി കാത്തുനിന്ന ബൈക്കുകളുടെ പിറകിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി. അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടിലധികം ഇരുചക്രവാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ബൈക്കുകളിലൊന്ന് ബസിനടിയിൽ കുടുങ്ങുകയും പൂർണ്ണമായും തകരുകയും ചെയ്തു.

ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളും നാട്ടുകാരും ആരോപിക്കുന്നത്. പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി മെക്കാനിക്ക് അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തി ബ്രേക്ക് തകരാർ മൂലമാണെന്ന് വരുത്തി ഡ്രൈവറെ രക്ഷിക്കാൻ ബസിന്‍റെ ബ്രേക്ക് അഴിച്ചുമാറ്റുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. മെക്കാനിക്കിനെയും ഡ്രൈവറെയും നാട്ടുകാർ ഏറെനേരം തടഞ്ഞുവച്ചു. പോലീസ് എത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.

Share this story