മദ്യ ഉപഭോക്താവിന് ഇരുട്ടടിയാകുന്ന വില വർധനവ് മദ്യകമ്പനികളെ സഹായിക്കാൻ: വിഡി സതീശൻ

satheeshan

സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയവും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യവില അമിതമായി വർധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴി തിരിച്ചുവിടുമെന്ന യാഥാർഥ്യം സർക്കാർ കാണാതിരിക്കരുത്. ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്ന് ഇടുന്നത് ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു

മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാർഥ്യം. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവർക്ക് തന്റെ വരുമാനത്തിലെ നല്ലൊരു ഭാഗം മദ്യത്തിനായി നൽകേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കിവെക്കുന്ന തുകയിൽ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യും. 

മദ്യ ഉപഭോക്താവിന് ഇരുട്ടടിയാകുന്ന ഈ വർധനവ് മദ്യ കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഇത് പകൽ കൊള്ളയാണെന്നതിൽ തർക്കമില്ല. വൻകിട മദ്യകമ്പനികൾക്ക് വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കി കൊടുക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്ന ആരോപണത്തെ കുറിച്ചും അന്വേഷണം വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
 

Share this story