മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ മമ്മൂട്ടിയും ഷാരൂഖും മിയ ഖലീഫയും; ഞെട്ടലിൽ പാർട്ടി നേതൃത്വം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും മിയ ഖലീഫയ്ക്കും വരെ മുസ്ലീം ലീഗിൽ അംഗത്വം ലഭിച്ചതിന്‍റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. മുസ്ലീം ലീഗിന്‍റെ അംഗത്വവിതരണ ക്യാംപയ്ൻ ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചിരുന്നു. അതിനിടെയാണ് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലീം നാമധാരികളായ പ്രമുഖ സിനിമാതാരങ്ങൾക്ക് മുസ്‍ലിം ലീഗ് അംഗത്വം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വം അന്വേഷണം ആരംഭിച്ചു.

വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ഠ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്. 

ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് 'പ്രമുഖ താരങ്ങളൊക്കെ ലീഗില്‍ അംഗത്വം നേടിയതായി മനസിലായത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ കാര്യമായ സംഘടന ശേഷിയില്ലാത്ത ഇടങ്ങളില്‍ ഓണ്‍ലൈന്‍ അപ്ലോഡിംഗ് പോലുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്‍പ്പിച്ച കമ്മിറ്റികളുണ്ട്. അങ്ങനെ സംഭവിച്ചതായിരിക്കും ഈ പിഴവ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം

Share this story