ബ്രിട്ടനിലെ കൂട്ടക്കൊലപാതകം: അന്വേഷണത്തിനായി ബ്രിട്ടീഷ് പോലീസ് കേരളത്തിലെത്തും

uk

ബ്രിട്ടനിലെ കെറ്ററിംഗിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി ബ്രിട്ടീഷ് പോലീസ് കേരളത്തിലെത്തും. രണ്ടംഗ ബ്രിട്ടീഷ് പോലീസ് സംഘമാണ് കേരളത്തിലെത്തുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുമാണ് കേരളത്തിലെത്തുന്നത്

ഇവർക്കായി തൃപ്പുണിത്തുറയിലെ ഹോട്ടലിൽ താമസസൗകര്യമൊരുക്കിയിട്ടുണ്ട്. മരിച്ച അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഇവർ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഇതിന് ശേഷം കൊലപാതക കേസിൽ ബ്രിട്ടനിൽ അറസ്റ്റിലായ അഞ്ജുവിന്റെ ഭർത്താവ് സാജുവിന്റെ കണ്ണൂരിലെ വീട്ടിലും ഇവരെത്തുമെന്നും വിവരമുണ്ട്. 

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിച്ചിരുന്നു. മൃതദേഹങ്ങൾക്കൊപ്പം കേരളത്തിലേക്ക് വരാനായിരുന്നു ബ്രിട്ടീഷ് പോലീസ് സംഘത്തിന്റെ തീരുമാനം. എന്നാൽ ഹോം ഓഫീസിന്റെ ക്ലിയറൻസുകൾ വൈകിയതിനാലാണ് യാത്ര മാറ്റിവെക്കേണ്ടി വന്നത്.
 

Share this story