ക്രിമിനൽ കേസ് പ്രതികളായ പോലീസുകാരെ പിരിച്ചുവിടാൻ നീക്കം; പ്രാഥമിക പട്ടികയിൽ 85 പേർ

police

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയ്യാറാക്കാൻ പോലീസ് ആസ്ഥാനത്തോടും ജില്ലാ തലങ്ങളിലും ഡിജിപി നിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്മപരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് സിഐ പിആർ സുനു പ്രതിയായതോടെയാണ് ഡിജിപിയുടെ നിർദേശം. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ സർവീസിൽ തിരിച്ചുകയറുന്നത് പതിവാണ്. ഇതൊഴിവാക്കാനാണ് സിഐ മുതൽ എസ് പിമാർ വരെയുള്ളവരെ സർവീസ് ചരിത്രം പരിശോധിക്കുന്നത്. 

ബലാത്സംഗം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണക്കടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും കേസുകളിൽ അന്വേഷണം നേരിടുന്നതുമായ പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.
 

Share this story