നഗരസഭയിലെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

arya

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്താകും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടത്. തിരുവനന്തപുരം കോർപറേഷനിലെ താത്കാലിക നിയമനങ്ങളിലേക്ക് പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ആവശ്യപ്പെട്ടു കൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ കത്തെഴുതിയെന്നാണ് വിവാദം. എന്നാൽ പുറത്തുവന്ന കത്ത് തന്റേതല്ലെന്ന് മേയർ പറഞ്ഞിരുന്നു. 

സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുകയും ആര്യയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.

Share this story