ഒരു വശത്ത് ലഹരിവിരുദ്ധ ക്യാമ്പയിൻ; മറുവശത്ത് പാർട്ടി നേതാക്കളുടെ ലഹരിക്കടത്ത്: സതീശൻ

satheeshan

സംസ്ഥാനത്തെ ലഹരിക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ആലപ്പുഴയിലെ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ നിരോധിത പാൻമസാല കടത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി വിലവരുന്ന പാൻ മസാല പിടികൂടിയത്. 

അറസ്റ്റിലായവരെല്ലാം സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു. ഒരു വശത്ത് കോടികൾ മുടക്കി ലഹരിവിരുദ്ധ ക്യാമ്പയിൻ സർക്കാർ നടത്തുന്നു. മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുന്നു.

സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്തെ ലഹരിക്കടത്ത് അടക്കമുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നത്. ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story