നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

Police

ഇടുക്കി നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്ന സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിക്ക് എസ്‌കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ് എച്ച് ഒക്കെതിരെയും വകുപ്പുതല നടപടിയുണ്ടായേക്കും. 

ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയതാണ് പ്രതി രക്ഷപ്പെടാൻ കാരണമായത്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. 

ഇയാൾക്കായി തെരച്ചിൽ നടക്കുന്നതിനിടെ രണ്ട് തവണ പോലീസിന് മുന്നിൽ ഇയാൾ വന്ന് പെട്ടെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മേഖലയിൽ പോലീസ് നായയെ അടക്കം കൊണ്ടുവന്ന് പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്.
 

Share this story