പറവൂർ ഭക്ഷ്യവിഷബാധ: ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

പറവൂർ: എറണാകുളം പറവൂരില്‍ 68 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പറവൂർ മുനിസിപ്പൽ ജംഗ്ഷനു സമീപത്തുള്ള മജ്ലിസ് ഹോട്ടലിന്റെ ലൈസൻസാ ആണ് റദ്ദാക്കിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരവും രാത്രിയുമായി കുഴിമന്തി, അൽഫാം, ഷവായി എന്നിവ കഴിച്ചവരെയാണ് വയറുവേദന, വയറിളക്കം, ഛർദി, പനി എന്നീ അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. യുവാക്കളും യുവതികളും ഹോസ്റ്റൽ വിദ്യാർഥികളുമാണ് ഇവരിലേറേയും. സംഭവത്തെത്തുടർന്ന് ഹോട്ടൽ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചു.
താലൂക്കാശുപത്രിയിൽ 34 പേരും നഗരത്തിലെ രണ്ട് സ്വകാര്യ ആശുപതികളിലായി 20 പേരും വൈപ്പിനിലെ സ്വകാര്യ ആശുപ്രതിയിൽ മൂന്നുപേരും മാളയിലെ വിവിധ ആശുപതികളിലായി ആറു പേരും ചികിത്സ തേടി. തത്തപ്പിള്ളി മന്നം ഭാഗത്തു നിന്നു തൃശൂരിലേക്കു മേളത്തിനു പോയ ആറു പേർ മണ്ണുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കൊച്ചിയിൽ നിന്നു കാറിൽ കോഴിക്കോട്ടേക്കു പോയ നാലു പേർ കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ല. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു പേരൊഴികെ ഭൂരിഭാഗം പേരും ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.