പോപുലർ ഫ്രണ്ട് ഹർത്താലിന് തുടക്കം; കെഎസ്ആർടിസി സർവീസ് നടത്തുന്നു, സ്വകാര്യ വാഹനങ്ങളും റോഡിൽ

harthal

ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കേരളത്തിൽ മാത്രം നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഹർത്താലിനോട് തണുത്ത പ്രതികരണമാണ് ജനങ്ങൾക്കുള്ളത്. സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും നിരത്തിലിറങ്ങി. കെ എസ് ആർ ടി സിയും സർവീസ് നടത്തുന്നുണ്ട്

ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കാട്ടാക്കടയിൽ സമരാനുകൂലികൾ കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു. പോലീസ് എത്തി ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്. ഹർത്താൽ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്

ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശമുണ്ട്.
 

Share this story