പ്രതികരിച്ചത് മാധ്യമങ്ങളോടാണ്, കോടതിയോട് ആദരവ് മാത്രമേയുള്ളു: പ്രിയ വർഗീസ്

priya

നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമർശത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്. കോടതിയോട് ആദരവ് മാത്രമാണെന്നും തന്റെ പ്രതികരണം മാധ്യമങ്ങളോട് ആണെന്നും പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ എൻ എസ് എസ് കോർഡിനേറ്ററായി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞതായി വാർത്ത വന്നിരുന്നു

ഇതിനെതിരെ പ്രിയ വർഗീസും പ്രതികരിച്ചു. നാഷണൽ സർവീസ് സ്‌കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമെന്നായിരുന്നു പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കുഴിവെട്ട് പരാമർശം നടത്തിയിട്ടില്ലെന്നും എൻഎസ്എസിനോട് ബഹുമാനം മാത്രമേയുള്ളുവെന്നും ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇതോടെ പ്രിയ വർഗീസ് പോസ്റ്റ് പിൻവലിച്ചു

തുടർന്നാണ് വ്യക്തത വരുത്തി പ്രിയ വർഗീസ് അടുത്ത പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തയോട്. കോടതിയോട് ആദരവ് മാത്രമേയുള്ളൂവെന്നും പ്രിയ വർഗീസ് പോസ്റ്റിൽ പറയുന്നു.
 

Share this story