ശബരിമല; കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കലക്ടർക്ക് നിർദേശം

high court

കൊച്ചി: പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറുന്നതിൽ ശബരിമല തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഗ്രൂപ്പ് ബുക്കിംഗ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, കെ പി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

കളക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ, കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ഓഫീസർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംവിധാനത്തിന് രൂപം നൽകണമെന്നാണ് നിർദ്ദേശം. യാത്രക്കാരെ നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സീനിയർ ഗവൺമെന്‍റ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു.

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവർമാരെ ബോധവത്കരിക്കണമെന്നും ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ താംബരത്ത് നിന്ന് തീർത്ഥാടകരുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസുള്ള കുട്ടി മരിക്കുകയും മറ്റ് 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. സംഭവത്തിൽ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി ഹർജി 21ന് പരിഗണിക്കാൻ മാറ്റി. പാർക്കിംഗ് സൗകര്യങ്ങളുടെ പ്രശ്നത്തിൽ നിലയ്ക്കലിലെ 16 പാർക്കിംഗ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story