അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്
Jan 20, 2023, 11:20 IST

നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്. എറണാകുളം ലോ കോളജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ മറുപടി നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് നോട്ടീസിൽ പ്രിൻസിപ്പൽ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമാണ് തങ്കം എന്ന പുതിയ സിനിമയുടെ പ്രമോഷന് എത്തിയ അപർണ ബാലമുരളിയോട് വിദ്യാർഥി മോശമായി പെരുമാറിയത്. നടിക്ക് പൂ നൽകാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫി എടുക്കാനായി ശ്രമിക്കുകയുമായിരുന്നു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.