പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗം പോരാ; പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുമായി മുരളീധരൻ

muraleedharan

കോൺഗ്രസ് പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുമായി കെ മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് പുനഃസംഘടന വൈകിപ്പിക്കുന്ന പാർട്ടി നേതൃത്വത്തോട് മുരളീധരൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു

സിപിഎമ്മുകാർ വീട് കയറുകയാണ്. ബിജെപിക്കാർ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും പുനഃസംഘടന ചർച്ച ചെയ്യുകയാണ്. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് സാധിക്കില്ല. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണം. അടിത്തട്ട് മികച്ച രീതിയിൽ മുന്നോട്ടു പോകണം. ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന അഭിപ്രായം തനിക്കില്ലെന്നും മുരളീധരൻ പറഞ്ഞു

രാഷ്ട്രീയത്തെ മതം സ്വാധീനിക്കാൻ പാടില്ലെന്ന് ശശി തരൂർ എംപി ചടങ്ങിൽ സംസാരിച്ചു കൊണ്ട് പറഞ്ഞു. ഹിന്ദുത്വ എന്നത് പൊളിറ്റിക്കൽ ഐഡിയോളജിയാണ്. കരുണാകരൻ ഹിന്ദുമത വിശ്വാസിയായിരുന്നു. എന്നാൽ എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് എല്ലാവരുടെയും നന്മക്കായി പ്രവർത്തിച്ചിരുന്ന നേതാവാണ് അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്നും തരൂർ പറഞ്ഞു.
 

Share this story