തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നതിൽ യൂത്ത് കോൺഗ്രസിനെ തടഞ്ഞുവെന്ന വാദം തള്ളി സുധാകരൻ

K Sudhakaran

യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടയിട്ടുവെന്ന വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂരിനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസിനെ തടഞ്ഞുവെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണ്. യൂത്ത് കോൺഗ്രസ് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല

തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണമനസ്സോടെ തയ്യാറാണ്. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

നേരത്തെ യൂത്ത് കോൺഗ്രസ് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ച പരിപാടിയിൽ നിന്നും പിൻമാറിയിരുന്നു. സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻമാറിയത്. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘടന പിൻമാറിയതെന്നായിരുന്നു വിശദീകരണം.
 

Share this story