മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് സുധാകരൻ; രാജിവെക്കണമെന്ന് സുരേന്ദ്രൻ

surendran

സർവകലാശാല നിയമനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ തുറന്ന് പറച്ചിൽ

ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സമാന ആവശ്യവുമായി ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തുവന്നു. മുഖ്യമന്ത്രി നിയമ വാഴ്ച അട്ടിമറിക്കുകയാണ്. രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തെളിവുകളും കത്തുകളുടെ പിൻബലവുമുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

Share this story