തലശ്ശേരി ഇരട്ട കൊലപാതകം: മുഖ്യപ്രതി പാറായി ബാബു പിടിയിൽ

തലശ്ശേരി ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതിയായ പാറായി ബാബു പിടിയിൽ. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മറ്റ് പ്രതികളായ തലശ്ശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ലഹരി വിൽപ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സിപിഎം പ്രവർത്തകനായ ഷമീർ, ഖാലിദ് എന്നിവരാണ് കുത്തേറ്റ് മരിച്ചത്.
ഷമീറിന്റെ മകൻ ഷബീൽ ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്യുകയും ഇയാളെ ബാബുവും സംഘവും ആക്രമിക്കുകയും ചെയ്തിരുന്നു. മകനെ കാണുന്നതിനായി ആശുപത്രിയിലെത്തിയ ഷമീറിനെയും ഖാലിദിനെയും സംസാരിച്ച് പ്രശ്‌നങ്ങൾ തീർക്കാനെന്ന വ്യാജേന പ്രതികൾ ആശുപത്രിക്ക് പുറത്തേക്ക് വിളിക്കുകയും കുത്തുകയുമായിരുന്നു.