തലശ്ശേരിയിലെ ഇരട്ട കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, ഒരാൾക്കായി തെരച്ചിൽ ഊർജിതം

thalasseri

തലശ്ശേരി ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്. ബാബുവും ജാക്‌സണും ചേർന്നാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു. ഖാലിദ്, ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്

തലശ്ശേരി നിട്ടൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിൽ. ഇന്നലെ വൈകുന്നേരം നാല് മണിയോടെ തലശ്ശേരി സിറ്റി സെന്ററിന് അടുത്ത് വെച്ചാണ് മൂന്ന് പേർക്ക് കുത്തേൽക്കുന്നത്. ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം അംഗവുമായ പൂവനാഴി ഷമീർ, സുഹൃത്ത് ഷാനിബ് എന്നിവർക്കാണ് കുത്തേറ്റത്

ഖാലിദ് തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഷാനിബിന്റെ പരുക്ക് ഗുരുതരമല്ല. ലഹരി വിൽപ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചയ്ക്ക് ജാക്‌സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ചും തർക്കമുണ്ടായിരുന്നു. 

ഒത്തുതീർപ്പിനെന്ന നിലയിലാണ് ഖാലിദിനെയും ഷമീറിനെയും ജാക്‌സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കിയത്. വാക്കുതർക്കത്തിനിടെ ഇവർ കത്തിയെടുത്ത് കുത്തുകയായിരുന്നു.
 

Share this story