മതചിഹ്നത്തിന്റെ പേരിൽ നിരോധിക്കരുതെന്ന ആവശ്യം മുസ്ലിം ലീഗ് സുപ്രീം കോടതിയെ അറിയിക്കും

supreme court

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളണമെന്ന് സുപ്രീം കോടതിയിൽ മുസ്ലിം ലീഗ് ആവശ്യപ്പെടും. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലീഗ് ഈ ആവശ്യം ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമത്തിൽ ഇത്തരമൊരു വിലക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ് കോടതിയെ അറിയിക്കും

മത പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏക്താ ദൾ, ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ പാർട്ടികളെ കക്ഷിയാക്കാനും ഹർജിക്കാരനോട് കോടതി നിർദേശിച്ചിരുന്നു

എന്നാൽ ഹർജിക്കാരൻ ലീഗിനെ അടക്കം കേസിൽ കക്ഷി ആക്കിയില്ല. തുടർന്നാണ് സ്വന്തം നിലയ്ക്ക് കോടതിയിൽ ഹാജരായി ഹർജി തള്ളണമെന്ന് ആവശ്യപ്പെടാൻ മുസ്ലിം ലീഗ് തീരുമാനിച്ചത്. 1948 മുതൽ പ്രവർത്തിച്ച് വരുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. കേന്ദ്രമന്ത്രിസഭയിലും കേരള മന്ത്രിസഭയിലും ലീഗിന് അംഗങ്ങൾ ഉണ്ടായിരുന്നു. നിലവിൽ ലോക്‌സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും തങ്ങൾക്ക് അംഗങ്ങളുണ്ടെന്നും ലീഗ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
 

Share this story