പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും

pfi

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. 14 ജില്ലകളിലായി 60ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാ കലക്ടർമാർക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് ലാൻഡ് റവന്യു കമ്മീഷണർ നൽകിയിരിക്കുന്ന സമയപരിധി

സ്വത്ത് കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ കലക്ടർമാർ സർക്കാരിന് കൈമാറും. ഇത് റിപ്പോർട്ടായി ഹൈക്കോടതിയിൽ നൽകും. സംസ്ഥാന വ്യാപകമായി ഇന്നലെ പിഎഫ്‌ഐ ഭാരവാഹികളുടെ സ്വത്തുക്കൾ ജപ്തി ചെയ്തിരുന്നു. സെപ്റ്റംബറിലെ മിന്നൽ ഹർത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാനാണ് നടപടി. 

സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ കൊല്ലത്തെ വീടും സ്ഥലവും സംസ്ഥാന സെക്രട്ടറി സിഇ റൗഫിന്റെ പട്ടാമ്പിയിലെ പത്ത് സെന്റ് സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ 68 സെന്റിൽ പ്രവർത്തിക്കുന്ന പിഎഫ്‌ഐയുടെ പെരിയാർ വാലി ട്രസ്റ്റ് ക്യാമ്പസും ജപ്തി ചെയ്തു. പാലക്കാട് പതിനാറിടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു. ഇടുക്കിയിൽ ആറ് സ്ഥലത്തും പത്തനംതിട്ടയിൽ മൂന്ന് സ്ഥലത്തും ആലപ്പുഴയിൽ രണ്ടിടത്തും ജപ്തി നടന്നു. 


 

Share this story