വിഴിഞ്ഞത്തെ സമര പന്തൽ പൊളിച്ചുനീക്കണമെന്ന് ജില്ലാ ഭരണകൂടം

vizhinjam

വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമര പന്തൽ പൊളിച്ചുനീക്കണമെന്ന് ജില്ലാ ഭരണകൂടം. സമര പന്തൽ പൊളിച്ചുനീക്കാൻ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. ക്രമസമാധാന പ്രശ്‌നവും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 

സമരപന്തൽ പൊളിച്ചുനീക്കിയില്ലെങ്കിൽ 30ന് സമര പ്രതിനിധികൾ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. എന്നാൽ സമരപന്തൽ പൊളിക്കില്ലെന്നും സർക്കാർ തന്നെ പൊളിക്കട്ടെ എന്നുമാണ് സമരസമിതിയുടെ നിലപാട്. അതേസമയം സമരം പൊളിക്കാൻ പല ഇടപെടലുകളും നടക്കുന്നുണ്ടെന്ന് സമരസമിതി പറഞ്ഞു

സമരം നടത്തുന്നവരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സമരസമിതി പ്രവർത്തകരെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി ഗവർണർ കൂടിക്കാഴ്ച നടത്തിയത്. സമരം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഗവർണർ ഉറപ്പ് നൽകി. 


 

Share this story