ജനപ്രിയ സര്‍വീസ് എറണാകുളം -വേളാങ്കണ്ണി പ്രതിവാര ട്രെയിന്‍ ഫെബ്രുവരിയിലേക്കു കൂടി നീട്ടി

Trin

പുനലൂര്‍: കൊല്ലം-ചെങ്കോട്ട പാതയിലെ ജനപ്രിയ സര്‍വീസായ എറണാകുളം -വേളാങ്കണ്ണി പ്രതിവാര ട്രെയിന്‍ ഫെബ്രുവരിയിലേക്കു കൂടി നീട്ടി. നാല്, 11, 18, 25 തീയതികളില്‍ വേളാങ്കണ്ണിയിലേക്കും അഞ്ച്, 12, 19, 26 തീയതികളില്‍ തിരികെ എറണാകുളത്തേക്കും സര്‍വീസ് നടത്തും. യാത്രക്കാരുടെ വന്‍തിരക്ക് പരിഗണിച്ചാണിത്. എന്നാല്‍ ഇത്രയും തിരക്കും വരുമാനവും ഉണ്ടായിട്ടും ഇത് സ്ഥിരം സര്‍വീസാക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും നടപടിയില്ല.

കഴിഞ്ഞ ഡിസംബറില്‍ അവസാനിപ്പിച്ചിരുന്ന സര്‍വീസ് യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജനുവരിയിലേക്ക് നീട്ടിയിരുന്നു. എന്നിട്ടും യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് ഫെബ്രുവരിയിലേക്കും നീട്ടാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ റെയില്‍വേയ്ക്ക് മികച്ച വരുമാനമുണ്ടാക്കിയ സര്‍വീസ് കഴിഞ്ഞ ജൂണ്‍ നാലിനാണ് ആരംഭിച്ചത്. എറണാകുളത്തു നിന്നും കോട്ടയം, കൊല്ലം, പുനലൂര്‍, തെങ്കാശി വഴി വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന വണ്ടി ആദ്യം ഓഗസ്റ്റ് വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച്‌ ഡിസംബര്‍വരെ നീട്ടി. ഇതിനിടെ ആഴ്ചയില്‍ രണ്ടു സര്‍വീസെന്ന കണക്കില്‍ പതിവു വണ്ടിയായി ഓടിക്കുമെന്ന വാഗ്ദാനമുണ്ടായെങ്കിലും നടപ്പായില്ല. ഇതിനുള്ള ശുപാര്‍ശ നേരത്തെതന്നെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇത്രയും വരുമാനമുള്ള സര്‍വീസ് സ്ഥിരം സര്‍വീസാക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടുവരികയാണ്. ഈ ആവശ്യത്തിനു നേരേയും മുഖംതിരിക്കുകയാണ് റെയില്‍വേ. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജായിരിക്കെ ഇതുവഴി ഓടിയിരുന്ന കൊല്ലം - നാഗൂര്‍ സര്‍വീസിന് പകരമായാണ് എറണാകുളം - വേളാങ്കണ്ണി സര്‍വീസ് ആരംഭിച്ചത്.

Share this story