വിഴിഞ്ഞത്തെ ആക്രമണത്തിന് കാരണം സര്‍ക്കാരിന്റെ പ്രകോപനം; വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

Vizhinjam

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപതാ സര്‍ക്കുലര്‍. വിഴിഞ്ഞം സംഘര്‍ഷത്തിനും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനും കാരണം സര്‍ക്കാരിന്റെ പ്രകോപനമെന്നാണ് വിമര്‍ശനം. പ്രകോപന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍. സര്‍ക്കാരിനെ വിമര്‍ശനങ്ങളുന്നയിച്ചുള്ള സര്‍ക്കുലര്‍ നാളെ എല്ലാ പള്ളികളിലും വായിക്കും.

വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ നിസംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളുമാണ് ആക്രമണങ്ങള്‍ക്ക് പ്രകോപനമായത്. പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരായുധരായ സ്ത്രീകളെ പൊലീസുകാര്‍ മര്‍ദിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍ക്കുലറില്‍ ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തി വയ്ക്കണമെന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് വേണ്ടത്. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നു.

Share this story