വയനാട്ടിൽ വീണ്ടും കടുവ ഭീതി; മാനന്തവാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു

tiger

വയനാട്ടിൽ വീണ്ടും കടുവ ഭീതി. മാനന്തവാടി നഗരസഭാ പരിധിയിലാണ് കടുവ എത്തിയത്. നഗരസഭയുടെ മൂന്നാം വാർഡായ പിലാക്കാവ് മണിയൻകുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു

മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്റെ രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തേയില തോട്ടത്തിൽ നിന്നും ചാടിവീണ കടുവ പശുവിനെ കടിച്ചു. ഇവിടെയുണ്ടായിരുന്നവർ ബഹളം വെച്ചപ്പോൾ കടുവ ഓടിപ്പോകുകയായിരുന്നു

സംഭവമറിച്ച് വനം, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഒ ആർ കേളു എംഎൽഎയും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് കൂട് സ്ഥാപിക്കാനും ഡിഎഫ്ഒയോട് എംഎൽഎ നിർദേശിച്ചു.

ഈ ഭാഗത്ത് ഒരുകിലോമീറ്റർ മാറി വനപ്രദേശമുണ്ട്. സ്വകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കർ എസ്‌റ്റേറ്റാണ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കുപ്പാടിത്തറയിൽ ഇറങ്ങി ഭീതി പരത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു.
 

Share this story