ജീവനൊടുക്കും മുമ്പ് ഭര്‍ത്താവിന് വീഡിയോ കോള്‍; വാതിലുകളെല്ലാം തുറന്നിട്ടു; വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷന്‍ വിട്ടത് മകനെ കൂട്ടാനെന്ന പേരില്‍

Dead

കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജീവനൊടുക്കി. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് (46) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനും ബീനയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ ബീന ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍ നിന്നിറങ്ങി. എന്നാല്‍ നേരെ വീട്ടിലേക്കെത്തിയ ബീന വീടിന് പിന്‍വശത്തുള്ള ചായ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലെ വാതിലുകള്‍ എല്ലാം തുറന്ന് കിടക്കുകയായിരുന്നു. കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് അരവിന്ദന്‍. കഴിഞ്ഞദിവസമാണ് അരവിന്ദന്‍ വീട്ടില്‍ വന്ന ശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോയത്.

ബീനയുടെ വീഡിയോ കോള്‍ വന്ന ശേഷം പേരാമ്പ്ര സ്റ്റേഷനിലേക്ക് വിളിച്ച് ഇക്കാര്യം അറിയച്ചപ്പോള്‍ പൊലീസുകാര്‍ ആദ്യം തിരഞ്ഞത് സ്റ്റേഷനിലായിരുന്നു. തുടര്‍ന്നാണ് ബീന മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍ നിന്ന് പോയതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ ഇവര്‍ ബീനയുടെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ബീനയെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പൊലീസുകാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പേരാമ്പ്ര പൊലീസിന്റെ തീരുമാനം. 

Share this story