ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ചതിച്ചു; ഇനിയുള്ള പ്രവർത്തനം രാഷ്ട്രീയ ഹിജഡകൾക്കുള്ള മറുപടിയാകും

binu

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് കേരളാ കോൺഗ്രസ് എമ്മിന്റെ സമ്മർദത്തെ തുടർന്ന് മാറ്റിയതിൽ രൂക്ഷ പ്രതികരണവുമായി സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാർട്ടി ഈ ചതിക്ക് കൂട്ടുനിൽക്കരുതായിരുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ തന്നെ ചതിച്ചു. എല്ലാത്തിനും കാലം മറുപടി നൽകും. ഓട് പൊളിച്ച് കൗൺസിലിൽ വന്നയാളല്ല താനെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു

തോറ്റ ജോസ് കെ മാണി ഇനി പാലായിൽ മത്സരിക്കേണ്ടെന്ന് സിപിഎം നാളെ പറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യവും ബിനു ചോദിച്ചു. പത്രക്കാരോട് ഒന്ന് പറയുകയും മറിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകൾക്കുള്ള മറുപടിയാകും ഇനിയുള്ള തന്റെ രാഷ്ട്രീയ പ്രവർത്തനം. കേരളാ നിയമസഭയിലും എംഎൽസി സംവിധാനം വേണമെന്ന പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കിൽ ചിലർക്ക് നിയമസഭ കാണാനാകില്ലെന്നും ജോസ് കെ മാണിയെ ബിനു പരിഹസിച്ചു

ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല. കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ജോസിന്റെ സ്വഭാവ വൈകല്യം സിപിഎം മനസ്സിലാക്കിയതു കൊണ്ടാണ് പാർട്ടി വിട്ടുവീഴ്ച ചെയ്തതെന്നും ബിനു പറഞ്ഞു.
 

Share this story