126 ദിവസത്തെ യാത്ര; ഇന്ത്യയുടെ സൂര്യപഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്

ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്ത് എത്തും. വൈകിട്ട് നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കും. ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ് വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദിഷ്ട ലക്ഷ്യസ്ഥാനത്ത് എത്തുന്നത്

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹം എത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിലുള്ളത്. സൂര്യന്റെ കൊറോണയെ കുറിച്ചും കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്‌ഫോടനങ്ങളെ കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്. സൂര്യനിൽ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഇപ്പോഴത്തെ നിലയിൽ നിലനിൽക്കുന്നത്. സൗരയുധത്തെ കുറിച്ചും സൂര്യനെക്കുറിച്ചും പുതിയ അറിവുകൾ ആദിത്യയിലൂടെ ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
 

Share this story