12 വയസുകാരൻ ഐസ്ക്രീം കഴിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്: ബന്ധു അറസ്റ്റിൽ

Arasat

കോഴിക്കോട് അരിക്കുളത്ത് 12 വയസുകാരൻ ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിഷം കലർത്തിയ ഐസ് ക്രീം കഴിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതൃസഹോദരി താഹിറയാണ് കസ്റ്റഡിയിലായത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു.

ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ​ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു. തുടർന്ന് ഐസ്ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു.

എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് വഴിത്തിരിവായത്. പിന്നീട് നിരവധിപ്പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. തുടർന്നാണ് കൊലപാതകം സ്ഥിരീകരിച്ചത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. വി. അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Share this story