അഭിനയിക്കാൻ പോകുന്നുവെന്ന് കത്തെഴുതി വെച്ച് വീടുവിട്ടിറങ്ങിയ 14കാരനെ ചെന്നൈയിൽ നിന്ന് കണ്ടെത്തി

missing

പത്തനംതിട്ട മല്ലപ്പള്ളിയിൽ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ കുട്ടിയുടെ ചിത്രം കണ്ട കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ചതിൽ നിന്നും കുട്ടി വീടുവിട്ട് വന്നതാണെന്ന് മനസിലാക്കിയ റിനു കുട്ടിയെ മടങ്ങിപ്പോകാൻ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയുമായിരുന്നു


വീട്ടിൽ നിന്ന് സൈക്കിളിൽ നിന്ന് മല്ലപ്പള്ളിയിലേക്കും അവിടെ നിന്ന് ബസ് മാർഗം ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് ട്രെയിനിൽ കുട്ടി ചെന്നൈയിലേക്കും പോകുകയായിരുന്നു. 1500 രൂപയായിരുന്നു കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. ബംഗളൂരുവിലേക്ക് പോകാനാണ് കുട്ടി പദ്ധതിയിട്ടിരുന്നത്.


ഇന്നലെ മുതലാണ് വിദ്യാർഥിയെ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പെഴുതിവെച്ച ശേഷമാണ് വീടുവിട്ടിറങ്ങിയത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share this story