തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ കാന്‍സറില്‍ നിന്ന് 22കാരന് മോചനം

കോഴിക്കോട്:  അപൂര്‍വമായി മാത്രം കാണപ്പെടുന്ന ബ്രെയിന്‍ ട്യൂമര്‍ ആയ ഇവിംഗ് സര്‍കോമ ബാധിച്ച 22ന് കാരന്‍ കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തനായി. തലച്ചോറിന്റെ വലതു ഭാഗത്താണ് ഈ കാന്‍സര്‍ ബാധ കണ്ടെത്തിയിരുന്നത്. അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അപൂര്‍വ കാന്‍സര്‍ നേരത്തെ കണ്ടെത്തിയതാണ് ചികിത്സയില്‍ വഴിത്തിരിവായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് പ്രൊഫ. ഡോ. പി ആര്‍ ശശീന്ദ്രന്‍ പറഞ്ഞു. കടുത്ത തലവേദന, ഛര്‍ദി, തലയ്ക്ക് കനം, കാഴ്ചാ പ്രശ്‌നങ്ങള്‍ എന്നീ രോഗലക്ഷണങ്ങളുമായാണ് യുവാവ് ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ തലച്ചോറില്‍ നിന്നും രണ്ടു കണ്ണുകളിലേക്കുമുള്ള നാഡികളില്‍ വീക്കം കണ്ടെത്തി. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനകളിലാണ് തലച്ചോറിന്റെ വലതുഭാഗത്ത് കേന്ദ്ര നാഡീവ്യൂഹത്തില്‍ സങ്കീര്‍ണമായ ഇവിംഗ് സര്‍കോമ എന്ന കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്.

അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ വിജയകരമായ ചികിത്സയിലൂടെ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ശശീന്ദ്രന്‍ പറഞ്ഞു. രോഗം വളരെ നേരത്തെ തന്നെ കണ്ടെത്താനായതും തക്കസമയത്തെ ഇടപെടലും സങ്കീര്‍ണമായ രോഗാവസ്ഥകളില്‍ സ്വീകരിക്കേണ്ട സമഗ്രമായ ചികിത്സാ സമീപനവുമാണ് യുവാവിനെ രോഗമുക്തനാക്കാന്‍ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് തലച്ചോറിന്റെ വലതു ഭാഗത്തായി കണ്ടെത്തിയ ഈ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തത്. തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ആവരണത്തിലായിരുന്നു ഈ ട്യൂമര്‍. വിജയകരമായ ശസ്ത്ര്ക്രിയയ്ക്കു ശേഷം രോഗിക്ക് വിമാറ്റ് റേഡിയേഷന്‍ തെറപ്പിയും രോഗബാധ തടയുന്നതിന് കീമോതെറപ്പിയും നല്‍കി. ഈ ചികിത്സാ വിജയത്തിനു പിന്നില്‍ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്്റ്റിറ്റിയൂട്ടിലെ വിദഗ്ധരുടെ ആത്മസമര്‍പ്പണവും അത്യാധുനിക ചികിത്സാ, രോഗനിര്‍ണയ സംവിധാനങ്ങളും രോഗിയെ അറിഞ്ഞുള്ള വ്യക്തിഗത രോഗ ശുശ്രൂഷ രീതികളുമാണെന്ന് സോണല്‍ ഡയറക്ടര്‍ കൃഷ്ണ ദാസ് പറഞ്ഞു.

വിദഗ്ധ ചികിത്സയിലൂടെ സുഖംപ്രാപിച്ച യുവാവ് ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പരിരക്ഷാ വിഭാഗത്തിന്റെ ചികിത്സാപൂര്‍വ്വ പരിചരണങ്ങളിലാണ്. കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്. പിഇടി സിടി, ഹൈബ്രിഡ് സ്‌പെക്ട്-സിടി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതികവിദ്യകളുമുള്ള കോഴിക്കോട്ടെ ഏറ്റവും മികച്ച ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗമാണ് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേത്.

Share this story