പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ 53കാരന്റെ ആസിഡാക്രമണം; ഗുരുതര പരുക്ക്

acid

ആസിഡ് ആക്രമണത്തിൽ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയായ അയൽവാസിയായ വേട്ടറമ്മൽ രാജു ജോസി(53)നെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.


വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പെൺകുട്ടി സ്‌കൂൾ വിട്ട് വീട്ടിലെത്തിയ സമയത്താണ് അയൽവാസിയായ പ്രതി വീട്ടിലെത്തി ആസിഡ് ഒഴിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെൺകുട്ടിയോട് ഇയാൾ യൂണിഫോം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന് പെൺകുട്ടിയുടെ മുഖത്തൊഴിച്ചത്. സാരമായി പൊള്ളലേറ്റ പെൺകുട്ടിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags

Share this story