ചീനിക്കുഴിയിൽ സ്വന്തം മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസ്; ഹമീദിന് തൂക്കുകയർ
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ. ഇത് കൂടാതെ പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു
മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റിൻ, അസ്‌ന എന്നിവരെയാണ് ഹമീദ് പെട്രോളൊഴിച്ച് തീ കൊളുത്തി ചുട്ടുകൊന്നത്. കുടുംബവഴക്ക്, സ്വത്ത് തർക്കം എന്നീ കാരണങ്ങളാലാണ് ഹമീദ് അതിക്രൂര കൂട്ടക്കൊലപാതകം നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അസുഖങ്ങളുണ്ടെന്നുമുള്ള ഹമീദിന്റെ വാദം കോടതി മുഖവിലക്ക് പോലുമെടുത്തില്ല
2022 മാർച്ച് 18നായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പെട്രോൾ നിറച്ച കുപ്പികൾ തീ കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ഇതിന് മുമ്പായി ഇയാൾ വാട്ടർ ടാങ്ക് കാലിയാക്കുകയും ചെയ്തിരുന്നു. ഒരു തരത്തിലും മകനും സ്വന്തം പേരമക്കളും രക്ഷപ്പെടരുതെന്ന അതിനിഷ്ഠൂരമായ മനസ്സിന് ഉടമ കൂടിയായ ഹമീദിന് പരമാവധി ശിക്ഷ തന്നെ കോടതി നൽകുകയായിരുന്നു.
