രണ്ട്‌ വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; ഹരികുമാർ ഒന്നാം പ്രതി, അമ്മ ശ്രീതു രണ്ടാം പ്രതി

sreethu harikumar

തിരുവനന്തപുരം ബാലരാമപരുത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവൻ ഹരികുമാറാണ് ഒന്നാം പ്രതി. അമ്മ ശ്രീതു രണ്ടാം പ്രതിയാണ്. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

ജനുവരി 30ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. കോട്ടുകാൽകോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകൾ ദേവേന്ദുവും ശ്രീതുവിന്റെ സഹദോരൻ ഹരികുമാറും താമസിച്ചിരുന്നത്. സംഭവദിവസം പുലർച്ചെ ഹരികുമാർ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു

ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിറ്റേ ദിവസം തന്നെ ഹരികുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഫോൺ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെ പ്രതി ചേർത്തത്. 

ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവദിവസം രാത്രി ഹരികുമാർ ശ്രീതുവിനോട് മുറിയിലേക്ക് വരാൻ സന്ദേശമയച്ചു. മകൾ ഉറങ്ങിയില്ലെന്ന് ശ്രീതു തിരികെ സന്ദേശമയച്ചു. ഇതിന് പിന്നാലെ ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാർ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് കിണറ്റിനരികിൽ എത്തി

ഇതുകണ്ട ശ്രീതു കുഞ്ഞിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഹരികുമാറിനോട് ചോദിച്ചു. ഇന്നത്തോടെ ഇതിന്റെ ശല്യം തീരുമമെന്നായിരുന്നു ഹരികുമാറിന്റെ മറുപടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. കേസിനെ വഴി തിരിച്ചുവിടാനായി ഹരികുമാർ വീട്ടിനുള്ളിൽ കയറി കിടക്ക പെട്രൊളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.
 

Tags

Share this story