പങ്കാളിയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസ്; യുവമോർച്ച നേതാവ് ഗോപുവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി
കൊച്ചിയിൽ പങ്കാളിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സജീവ ബിജെപി പ്രവർത്തകനായിരുന്ന ഗോപുവിനെതിരെ നേരത്തെ ബിജെപി കോൾ സെന്റർ ജീവനക്കാരിയും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പാർട്ടി നടപടിയെടുത്തിരുന്നില്ല
പിന്നാലെയാണ് യുവതിയെ മർദിച്ച സംഭവം വരുന്നത്. ഇതോടെയാണ് ബിജെപി നടപടിയെടുത്തത്. യുവമോർച്ച ജില്ലാ സെക്രട്ടറി കൂടിയാണ് ഇയാൾ. യുവമോർച്ച ഇയാൾക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചിട്ടില്ല. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തിൽ ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. അഞ്ച് വർഷമായി ഇവർ ഒന്നിച്ചാണ് താമസം. കഴിഞ്ഞ അഞ്ച് വർഷമായി ഗോപു ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
