സരോവരം പാർക്കിൽ വെച്ച് 19കാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ കോടതി വെറുതെവിട്ടു

judge hammer

സരോവരം പാർക്കിൽ ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കേസിൽ നടുവണ്ണൂർ കുറ്റിക്കണ്ടിയിൽ മുഹമ്മദ് ജാസിമിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ പ്രിയയുടെ വിധി. 

കോഴിക്കോട് ഒരു പരീക്ഷാ പരിശീലനകേന്ദ്രത്തിലെ 19 വയസ്സുള്ള വിദ്യാർഥിനിയെ സഹപാഠിയായ ജാസിം പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജൂലൈ 25ന് സരോവരം ബയോപാർക്കിലെത്തിച്ച് ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും സ്വർണ്ണവും പണവും തട്ടുകയും ചെയ്തെന്നാണ് കേസ്.


ക്രിസ്തുമത വിശ്വാസിയായ പെൺകുട്ടിയെ തന്റെ മതത്തിലേക്ക് മാറണമെന്ന് ജാസിം നിർബന്ധിച്ചെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. നടക്കാവ് പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. മെഡിക്കൽ കോളേജ് സിഐ ആയിരുന്ന മൂസ വള്ളിക്കോടനാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുകയായിരുന്നു.
 

Share this story