പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെ പരപ്പനങ്ങാടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തതെന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി.
നിതിനെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ മോര്‍ഫ് ചെയ്തശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിറ്റുവെന്നാണ് പരാതി. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വര്‍ഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ രൂപീകരിച്ചത്. പ്രതി സ്ഥിരമായി പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം.
ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താണ് മോര്‍ഫ് ചെയ്യുന്നതെന്നാണ് ആരോപണം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി പരാതിക്കാരി പറഞ്ഞിരുന്നു. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയത്. ഫോട്ടോ വില്‍പനക്ക് പുറമെ എക്സ്ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായാണ് യുവതികള്‍ പറയുന്നത്.
