പെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്ന കേസ്; ഇൻസ്റ്റഗ്രാമിലെ മീശ വിനീത് പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ഇൻസ്റ്റഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ. മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കവർച്ച നടത്തുന്നവരാണ് പിടിയിലായത്. കിളമാനൂർ കീഴ് പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത്(26), പുതിയതടത്തിൽ വീട്ടിൽ ജിത്തു(22) എന്നിവരാണ് പിടിയിലായത്
ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നിവയിൽ സജീവമായ മീശ വിനീത് പത്തോളം മോഷണക്കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ്. കവർച്ചക്ക് ശേഷം സ്‌കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ വിവിധ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. തൃശ്ശൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്
മാർച്ച് 23നാണ് കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വെച്ച് ഇവർ കവർച്ച നടത്തിയത്. പെട്രോൾ പമ്പ് മാനേജർ ഉച്ച വരെയുള്ള കളക്ഷൻ ബാങ്കിൽ അടക്കാൻ പോകുന്നതിനിടെയാണ് സ്‌കൂട്ടറിലെത്തിയ ഇവർ പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.